Latest Updates

നമ്മുടെ ചില ദൈനംദിന ശീലങ്ങള്‍ ചര്‍മ്മത്തില്‍ പ്രായക്കൂടുതല്‍ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. എന്നാല്‍ മുഖത്തിന് എന്നും ചെറുപ്പം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. ചര്‍മ്മത്തിന്റെ 'ഇലാസ്റ്റിസിറ്റി' നിലനിര്‍ത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകള്‍ വീഴാതിരിക്കാനുള്ള മാര്‍ഗ്ഗം. അതിനായി ചര്‍മ്മം സംരക്ഷിക്കണം.

ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്. എല്ലാ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. പരമാവധി സൂര്യപ്രകാശം നേരിട്ട് മുഖത്തും കഴുത്തിന്റെ ഭാഗത്തും പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സണ്‍സ്‌ക്രീന്‍ ക്രീം ഉപയോഗിക്കാനും ശ്രദ്ധിക്കണം. കറ്റാര്‍വാഴ ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴ ജെല്‍ ചര്‍മ്മത്തില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

ചുളിവുകള്‍ ഉണ്ടാകുന്നത് തടയാനും,  ചര്‍മ്മത്തെ ചെറുപ്പമായി നിലനിര്‍ത്താനും  തേന്‍ സഹായിക്കും. അതുപോലെ തന്നെ,  കാപ്പിപ്പൊടി നല്ലൊരു സ്‌ക്രബ്ബര്‍ കൂടിയാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റി, ചര്‍മ്മത്തെ ദൃഢമാക്കാന്‍ ഇത് സഹായിക്കും. ഒപ്പം ഇവ ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കുകയും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുകയും ചെയ്യും.  ഇതിനായി ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയും രണ്ട് ടീസ്പൂണ്‍ തേനും മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20  മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. 

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ഉടച്ചു മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുന്നത് ചുളിവ് വരാതെ സൂക്ഷിക്കും. വ്യായാമം ചെയ്യുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് കഴുത്തിനുള്ള വ്യായാമം ചെയ്യാന്‍ മറക്കരുത്.

Get Newsletter

Advertisement

PREVIOUS Choice